12:58pm 25 November 2026
NEWS
ശബരിമലയിൽ കളരിപ്പയറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ചു; നടപടി പുനഃപരിശോധിക്കണമെന്ന് വല്ലഭട്ട കളരി
25/11/2026  08:15 AM IST
nila
ശബരിമലയിൽ കളരിപ്പയറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ചു; നടപടി പുനഃപരിശോധിക്കണമെന്ന് വല്ലഭട്ട കളരി

 

ശബരിമല സന്നിധാനത്ത് വഴിപാടിന്റെ ഭാഗമായി നടത്തിവന്നിരുന്ന കളരിപ്പയറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് വല്ലഭട്ട കളരി അധികൃതർ. കളരിപ്പയറ്റ് പ്രദർശനം ശബരിമലയുടെ ആത്മീയ അന്തരീക്ഷത്തിൽ ഭക്തിപൂർവം സമർപ്പിക്കുന്ന ദീർഘകാല പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

കളരിപ്പയറ്റിന്റെ ചരിത്രപരവും പാരമ്പര്യപരവുമായ പ്രാധാന്യം പരിഗണിച്ച് വരും വർഷങ്ങളിലും സന്നിധാനത്ത് വഴിപാടായി പ്രദർശനം നടത്താൻ അനുമതി നൽകണമെന്നാണ് ആവശ്യം. വല്ലഭട്ട കളരിക്കുവേണ്ടി ദിനേശൻ കളരി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കുറിപ്പിന്റെ പൂർണരൂപം

47 വർഷമായി ശബരിമല സന്നിധാനത്ത് വഴിപാടായി നടത്തിവരുന്ന കളരിപ്പയറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണം.

ശബരിമല സന്നിധാനത്ത് കഴിഞ്ഞ 47 വർഷമായി വല്ലഭട്ട കളരിയുടെ നേതൃത്വത്തിൽ വഴിപാടായി നടത്തിവരുന്ന കളരിപ്പയറ്റ് പ്രദർശനത്തിന് ഈ വർഷം അനുമതി നൽകേണ്ടതില്ലെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം ഏറെ വേദനയോടെയാണ് ഞങ്ങൾ കാണുന്നത്. പത്മശ്രീ സി.ശങ്കരനാരായണമേനോൻ (ഉണ്ണി ഗുരുക്കൾ) നേതൃത്വം നൽകി ആരംഭിച്ച ഈ കളരിപ്പയറ്റ് പ്രദർശനം ഒരു കലാപരിപാടി മാത്രമല്ല, കേരളത്തിന്റെ പൈതൃക ആയോധനകലയായ കളരിപ്പയറ്റിനെ ശബരിമലയുടെ ആത്മീയ അന്തരീക്ഷത്തിൽ ഭക്തിപൂർവം സമർപ്പിക്കുന്ന ദീർഘകാല പാരമ്പര്യം കൂടിയാണ്.

വർഷങ്ങളായി മുടങ്ങാതെ തുടർന്നുവന്ന ഈ വഴിപാട് പ്രദർശനത്തിന് മുൻകൂട്ടി അനുമതി ചോദിച്ചിട്ട് പോലും 22ന് രാവിലെ 6 മണിക്ക് ശേഷം നടതുറന്നിരിക്കുന്ന ഏതു സമയത്ത് അനുവദിച്ചാലും വഴിപാടായി കളരിപ്പയറ്റ് അവതരിപ്പിക്കുന്നതിനായി കെ.ടി.ബാലൻ ഗുരുക്കൾ, രാജീവ് ഗുരുക്കൾ, ദിനേശൻ ഗുരുക്കൾ എന്നീ 14 പേരടങ്ങുന്ന സംഘം പ്രദർശനത്തിനായി കൊണ്ടുവന്ന ആയുധങ്ങൾ അടക്കം സന്നിധാനത്ത് എത്തിയപ്പോൾ ഇത്തവണ അനുമതി ലഭിക്കാത്തതുകൊണ്ട് കളരിപ്പയറ്റ് പ്രദർശനം നടത്താൻ സാധിക്കില്ല എന്ന സന്നിധാനം പബ്ലിക് റിലേഷൻസ് ഓഫിസിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് വല്ലഭട്ട കളരിയെയും കളരിപ്പയറ്റ് പാരമ്പര്യത്തെയും സ്നേഹിക്കുന്നവരെയും ഒരുപോലെ നിരാശരാക്കിയിരിക്കുകയാണ്.

ദേവസ്വം ബോർഡിന്റെ തീരുമാനത്തെയോ ബന്ധപ്പെട്ട അധികാരികളെയോ വ്യക്തിപരമായി വിമർശിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. മറിച്ച്, 47 വർഷത്തെ ഈ പാരമ്പര്യത്തിന്റ് ചരിത്രവും സാംസ്ക‌ാരിക പ്രാധാന്യവും പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കണമെന്നും വരും വർഷങ്ങളിലും ഈ വഴിപാടായി കളരിപ്പയറ്റ് പ്രദർശനം സന്നിധാനത്ത് നടത്തുന്നതിന് തെയ്യാറുള്ള കളരി സംഘങ്ങൾക്ക് അനുമതി നൽകണമെന്നും വിനീതമായി അഭ്യർഥിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img